എഴുത്തു നിർത്തുകയാണെന്നു അവൾ പറഞ്ഞപ്പോൾ മനസിൽ ഇരച്ചു കയറിയ ദേഷ്യത്തിനു അതിരുണ്ടായിരുന്നില്ല. പക്ഷെ,പ്രകടിപ്പിച്ചില്ല. പകരം,അവളുടെ കഴിവിനനുസരിച്ചു എത്തിച്ചേർന്നേക്കാവുന്ന നിലയെപ്പറ്റി പറഞ്ഞു മനസിലാക്കി. ആ സംഭാഷണത്തിനു ശേഷം അവിടെ നിന്നും തിരികെ തനിയെ നടന്നു തുടങ്ങിയപ്പോഴെക്കും ഒരു ചോദ്യം മനസ്സിൽ തങ്ങി നിന്നു - അവളോട് അങ്ങനെ പറയാൻ എന്തു യോഗ്യതയാണു തനിക്കുള്ളത്? പല മേഖലകളിൽ വാരിക്കൂട്ടിയ നേട്ടങ്ങൾ ഒന്നൊന്നായി നെടുവീർപ്പോടെ എണ്ണി നോക്കി. കഴിവുകളെ എന്നും ചെയിഞ്ചിങ്ങ് ട്രെൻഡ്സ് ആയി കാണാനാണ് എന്നും ഇഷ്ട്ടപ്പെട്ടിട്ടുള്ളത്...
ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ആംഗലേയ സാഹിത്യ ബിരുദാനന്തരബിരുദ പഠനത്തിനു ശേഷം ഏതെങ്കിലും പബ്ളിഷിങ്ങ് ഹൗസിൽ മാന്യമായ ഒരു ഉദ്യോഗം. നാലുഭിത്തിച്ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ഒരു ജീവിതം. ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്നെഴുതുന്ന സാഹിത്യസൃഷ്ടികൾ എഡിറ്റ് ചെയ്യുക.... ഇങ്ങനെ മനസ്സിനെ ഭാവിചിന്തകളിലെക്കു വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾക്ക് വിപരീതമായി,ജീവിതത്തിന്റെ ഏടുകൾ ഒർമയുടെ കുളിർത്തെന്നലിൽ പിന്നിലേക്ക് മറിയാൻ തുടങ്ങി....
ഒൻപതാം ക്ളാസ്സിൽ പഠിക്കുമ്പോൾ നോവൽ എഴുതാൻ ശ്രമം നടത്തിയ ഒരു വിദ്യാർത്ഥി. അവന്റെ സ്കൂൾ ജീവിതത്തെ ആധാരമാക്കി ഒരു കഥ. കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ തോന്നിയേക്കാം,“നോവൽ എന്തെന്ന് പോലും അറിയാത്ത ഇവൻ എന്തെഴുതാൻ!! ഓരൊ ഭ്രാന്തൻ ചിന്തകൾ.” ശരിയാണ്. ഒരു നോവൽ എന്തെന്നു പോലും അറിയാത്ത പ്രായം.പക്ഷെ,എന്തോ ഒരു ഉൾവിളി.എഴുതിത്തുടങ്ങി.... എന്നാൽ പാതിവഴിയിൽ ഉപേക്ഷിച്ചു....
ഏകദേശം എട്ടു വർഷങ്ങൾക്കു മുൻപു നടന്ന പ്രാധാന്യരഹിതമായ ഒരു ചെറിയ സംഭവം.മണ്ണടിഞ്ഞുപോയ ഒരു കഥയും... ആ കഥ എന്താണെനു പോലും ഓർമയില്ല.... ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്നതിനിടയിൽ അടഞ്ഞുപോയ കഴിഞ്ഞകാലത്തിന്റെ വാതിൽ ആരോ കൊട്ടിത്തുറന്നതുപോലെ,ഇപ്പോൾ ഈ ചിന്ത എവിടെ നിന്നും എത്തി???
ഒഴിവിനു വീട്ടിൽ ചെന്നപ്പോൾ പഴയ പുസ്തകങ്ങൾ അടുക്കിപ്പെറുക്കുന്ന കൂട്ടത്തിലൊരു അരിച്ചുപെറുക്കൽ നടത്തി. അപ്പോൾ ഒരു പഴയ നോട്ട്ബുക്ക് കൈയ്യിൽ തടഞ്ഞു. വർഷങ്ങൾക്കു മുൻപു സ്കൂളിൽ പഠിച്ചതെന്താണെന്ന് തിരിഞ്ഞു നോക്കാനുള്ള വിസ്മയത്തിൽ,ആ താളുകൾ മെല്ലെ തുറന്നു. വെറുതെ ആ താളുകൾ മറിച്ചപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു. ഓർമയിൽ നിന്നു പോലും മായിച്ചു കളഞ്ഞിരുന്ന ഒരു കഥയുടെ ആദ്യഭാഗം. എട്ടുപത്ത് താളുകളിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കുന്നു. വർഷങ്ങൾക്കു മുൻപു എഴുതാൻ തുടങ്ങിയ ആ നോവൽ... അതിനുവേണ്ടി മാത്രമായി വാങ്ങിയ നോട്ട്ബുക്ക്.... പൊടിയും മാറാലയും തട്ടി ഈ കോണിൽ... ഒരിക്കൽ മനസ്സിൽ പ്രസവവേദന അനുഭവിപ്പിച്ചിരുന്ന കഥ,ഇപ്പോഴും അവശേഷിക്കുന്നു.... ജനനവും കാത്ത്.....
ആ വരികളിൽ കൂടി ഒരിക്കൽ കൂടി യാത്ര ചെയ്യാൻ തോന്നി. വല്ലാത്ത ഒരു ആകാംക്ഷ. പല ആവർത്തി അതു വായിച്ചു. ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ ഭാവനയിൽ വിരിഞ്ഞ,നിലവാരം പുലർത്തുന്ന ഒരു സാഹിത്യസൃഷ്ടി എന്ന് തോന്നി. അവന്റെ ചിന്താവീഥിയുടെ പരിമിതിയിൽ ഉടലെടുത്തേക്കാമായിരുന്ന ഒരു കഥ...(ഒരു പക്ഷെ,സാഹിത്യ വിമർശനത്തിന്റെ ലോകത്തു നിന്ന് ചിന്തിച്ചിരിക്കാം!!) ഒരു ദീർഘനിശ്വാസത്തോടെ,ചെറുപുഞ്ചിരിയോടെ,(നഷ്ടപ്പെടലിന്റെയോ അതോ മധുരസ്മരണയുടെയോ? അതോ, പ്രശസ്തമായ യൂണിവെഴ്സിറ്റിയിലെ എം.എ.ഇംഗ്ളീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിക്ക്, ഒരു ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥി നോവൽ എഴുതുന്നതിൽ തോന്നിയ പുച്ഛമോ? അറിയില്ല!!). കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു.... കണ്ണുകളടച്ച്.... പിന്നീട്,അനന്തതയിലേക്ക് കണ്ണും നട്ട്.....
ആ ഇരുപ്പിനെ അലംകോലപ്പെടുത്തി ഏഴാം ക്ളാസ്സ് വിദ്യാർത്ഥിയായ ഇളയ സഹോദരൻ അങ്ങോട്ടേക്ക് ഓടി വന്നു. അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി. കൈയിലിരുന്ന നോട്ട്ബുക്കിലേക്കും. എട്ടുപത്ത് പേജുകളെ ഉപയോഗിച്ചിട്ടുള്ളു . സാമൂഹിക പ്രതിബദ്ധതയോ പ്രകൃതിസ്നേഹമോ (പേപ്പർ പരമാവധി ഉപയോഗിക്കാൻ നമ്മുടെ രാഷ്ട്രപിതാവു കാട്ടിത്തന്ന മാതൃക മറക്കരുത്!!! പേപ്പർ നിർമാണത്തിനു എത്ര മരങ്ങൾ നശിപ്പിക്കണം എന്നും ഓർക്കുക!!!)കൂടിപ്പോയതുകൊണ്ടാവണം, ആ താളുകൾ കീറി ചവറ്റുകൊട്ടയിൽ എറിഞ്ഞുകളഞ്ഞതിനു ശേഷം അനിയനു “റഫ് ബുക്ക്” ആയി ആ ഒരിക്കൽ വിലപ്പെട്ടതായിരുന്ന നോട്ട്ബുക്ക് ദാനം ചെയ്തു.
ഒരു പുച്ഛരസത്തോടെ,അവൻ ആ ബുക്കും വാങ്ങി നടന്നു. അവനറിയില്ലല്ലോ,ഒരിക്കൽ ജീവന്റെ സ്പന്ദനമായി അവന്റെ ഈ സഹോദരൻ നെഞ്ചോടു ചേർത്ത് കൊണ്ടുനടന്നതാണ് അതെന്ന്. അതു മാത്രമല്ല,ഇപ്പോൾ നടത്തിഒരു കഥാബീജത്തിന്റെ കൊലപാതകത്തെപറ്റിയും.... ഒരു ഭ്രൂണഹത്യയാണ് അവന്റെ കണ്മുന്നിൽ, ആ ചവറ്റുകൊട്ടയിലേക്ക് ചുരുട്ടിയെറിയുകവഴി നടത്തപ്പെട്ടതെന്നും... ഇന്നവൻ നോക്കുമ്പോൾ,അതു വെറുമൊരു പഴയ നോട്ട്ബുക്ക്. പൊടിതൂത്ത് ചേട്ടൻ തനിക്ക് എഴുതി പഠിക്കാൻ തന്നത്....
കുറച്ച് നേരം കൂടി ആ ഇരുപ്പ് അവിടിരുന്നു..... ഒരുപക്ഷെ,അപ്പോഴാലോചിച്ചത് ആ കഥയുടെ ക്ലൈമാക്സ് ആവാം.... അതോ,മറ്റൊരു കഥയുടെ തുടക്കമോ???