"ഒടുവിലായ് പെയ്യുന്ന മഴ തൻ സുഗന്ധത്തിൽ,
അലിഞ്ഞു ഞാൻ പ്രിയമോടെ ചേർന്നിടുമ്പോൾ,
മനസ്സിൽ ഞാൻ കാത്തൊരാ സ്നേഹത്തിൻ പൂമൊട്ടും,
വിടരാതെന്നേക്കുമായ് അവശേഷിപ്പൂ.
മരണത്തിൻ പടിയിലെ പിടയുന്ന മനസ്സിലും,
ആ സ്നേഹത്തിൻ മർമ്മരം ബാക്കി നില്ക്കേ,
പിരിയുവതെങ്ങനെ എന്നേക്കുമായങ്ങ്,
ഇനിയൊരു നാളേക്കായ് കാത്തിടാതെ...
ഒരു വേള മങ്ങിയ കാഴ്ചക്കുമപ്പുറം,
തെളിഞ്ഞതും ഒരു മുഖം മാത്രമന്നും.
മനസ്സിലായ് എന്നെന്നും കാത്തൊരാ സ്നേഹത്തിൻ,
അടരാത്ത നൊമ്പരം തന്നെയതും...
ചുരുട്ടിയെറിഞ്ഞൊരാ കടലാസ് ചുരുളിലായ്,
കുറിച്ചൊരു ആത്മാവിൻ തേങ്ങലായ് നീ,
കാത്തുസൂക്ഷിച്ചിടാൻ താളുകളില്ലിനി,
ഓർമ തൻ ഗ്രന്ഥത്തിൽ ഇനി നിനക്കായ്...
കാത്തൊരാ നിമിഷത്തിൻ ധന്യതയ്ക്കപ്പുറം,
പെയ്ത മഴയുടെ സാന്ത്വനത്തിൽ,
തെളിഞ്ഞൊരാ സ്നേഹത്തിൻ പുതിയ മുഖത്തേക്ക്,
നോക്കുവാൻ ഇന്നും കൊതിച്ചിടുന്നു...
അടർന്നൊരാ സ്നേഹത്തിൻ താളുകളൊന്നിലായ്,
എഴുതി നിൻ നാമം ഞാൻ അന്നൊരിക്കൽ,
മായ്ച്ചു കളഞ്ഞൊരാ സ്വപ്നങ്ങളേതിലോ,
ഓടിക്കളിച്ചൊരു പുഞ്ചിരിയും... "
No comments:
Post a Comment